അമനീഭാവം !!

 അമനീഭാവം എന്ന ഒരു വാക്ക് ഉണ്ട്. നിത്യോപയോഗത്തിൽ സാധാരണ ആ വാക്ക് അങ്ങനെ വരാറില്ല. മാണ്ഡൂക്യകാരികയിൽ കാണുന്ന ഒരു സാങ്കേതികപദമാണത്.  ഭഗവദ്ഗീതയിൽ കാണുന്ന ഒരു ശ്ലോകം അതിനർത്ഥമായെടുക്കാം 

'യതോ യതോ നിശ്ചരതി മനശ്ചഞ്ചലമസ്ഥിരം 

തതസ്തതോ നിയമ്യൈ-തദാത്മന്യേവ വശം നയേത്

    ഭഗവദ്ഗീത 6-26

പക്ഷെ ഈ ശ്ലോകം സാധന ചെയ്യുമ്പോൾ കുറേക്കൂടി കാർക്കശ്യവും കാഠിന്യവും  അനുഭവപ്പെടാറുണ്ട്. മനസ്സ് പിൻവലിക്കുന്നത് സചേതനമായ വ്യക്തികളിൽ നിന്നോ സംഘങ്ങളിൽ നിന്നോ മറ്റു വിഷയങ്ങളിൽ നിന്നോ ആവുമ്പോൾ ആ പിൻവലിയലിൽ നിന്നുകൊണ്ടുള്ള പിരിമുറുക്കം കൂടാനാണ് സാധ്യത. പക്ഷെ മാണ്ഡൂക്യകാരികയിലേക്ക് വരുമ്പോഴേക്കും ആ വാക്കിന്റെ അർത്ഥനിഷ്പത്തി കുറേക്കൂടി വിപുലമാണ്. 

'മനോദൃശ്യമിദം ദ്വൈതം  യത്കിഞ്ചിത്സചരാചരം 

മനസോഹ്യമനീഭാവേ 

ദ്വൈതം നൈവോപലഭ്യതേ' 

--മാണ്ഡൂക്യകാരിക 3-31

ഈ ശ്ലോകത്തെ മനനം ചെയ്തുകൊണ്ട് അമനീഭാവത്തെ വിശേഷനിരൂപണം ചെയ്യുമ്പോൾ തിരിച്ചറിയും മനസ്സുകൊണ്ട് കാണുന്ന അല്ലെങ്കിൽ സങ്കല്പിക്കുന്ന  'ദ്വൈതബോധം' ആണ് ഇല്ലാതെയാവുന്നത്. പ്രപഞ്ചമൊന്നാകെയുള്ള സമഷ്ടി മനസിനോടുകൂടിയുള്ള ലയം ആണ് അവിടെ സംഭവിക്കുന്നത്.വ്യഷ്ടിമനസ്സാകട്ടെ  പൂർവ്വാർജ്ജിതമായ സംസ്‌കാരത്താൽ, വാസനയാൽ രൂപപ്പെട്ടതും ആണ്.  ആ മനസ്സുകൊണ്ട് സങ്കൽപ്പിച്ചുകൂട്ടുന്നത്/ദൃശ്യമാകുന്നത് മാത്രമാണ് ഈ ചരാചരങ്ങളൊക്കെത്തന്നെയും. അവനവന്റെ മനസ്സ് എങ്ങനെയാണോ അങ്ങനെയേ ഈ ലോകത്തെയും ലോകത്തിലുള്ളതിനേയും ഒക്കെ കാണാനാവൂ. മനസ്സ് ഒന്നുമേ ഗ്രഹിക്കുന്നില്ല എങ്കിൽ അവിടെ ഈ ദ്വൈതപ്രപഞ്ചവും ഇല്ല. മറിച്ച് ഓരോരുത്തരുടെയും മനസ്സിന് ആ പ്രപഞ്ചമനസ്സിന്നൊടുള്ള ലയം സംഭവിച്ചൽ അവിടെ ദ്വൈതബോധം ഇല്ലാത്ത അവസ്ഥയായി. അമനീഭാവം കൊണ്ട് പ്രപഞ്ചത്തിലുള്ള ഭേദഭാവം/ദ്വൈതഭാവം ആണ് ഇല്ലാതെയാകുന്നത്. ആത്മാവ് മാത്രമേ സത്യമായുള്ളു എന്ന് ശാസ്ത്രങ്ങളിൽ നിന്നും ആചാര്യന്മാരിൽ നിന്നും കിട്ടുന്ന അറിവ്, ദ്വൈതപ്രപഞ്ചത്തിലെ അസത്യങ്ങളിൽ നിന്നും ചാപല്യങ്ങളിൽ നിന്നും കാപട്യങ്ങളിൽ നിന്നുമൊക്കെ വിട്ടുനിൽക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. യാതൊരുവിധ ചാഞ്ചല്യങ്ങളുമില്ലാതെ മനസ്സിനെ അതിൽനിന്നൊക്കെ പിന്തിരിപ്പിക്കാനുള്ള  ഉൾപ്രേരണ ഉണ്ടാകുന്നു. ഈ അവസ്ഥയിലാണ് അമനീഭാവം ഉണ്ടാവുക. 

"ആത്‌മസത്യാനുബോധേന 

ന സങ്കല്പയതെ യദാ 

അമനസ്താം തദാ യാതി 

ഗ്രാഹ്യാഭാവേ തദഗ്രഹം"

--മാണ്ഡൂക്യകാരിക 3-32

പ്രപഞ്ചം 

 അവിടെ എന്റെ നിന്റെ എന്ന കല്പനകളൊന്നുമില്ല. "ഞാൻ ഉണ്ട്, എന്നുള്ളിലാത്മാവുണ്ട്, അതേ ആത്മാവിന്റെ തന്നെ പ്രകടനങ്ങളാണ് എന്ന സത്യാനുബോധം മാത്രം. ആത്മരൂപേണ സകലതിനെയും കാണുന്നു(ആത്മീയകടാക്ഷം). വാസ്തവത്തിൽ ഇവിടെ സംഭവിക്കുന്നത് സംലയനം ആണ്. "തന്നിൽ നിന്നന്യമല്ലാതെ എന്നു കാണുന്നു സർവ്വവും" എന്ന  അദ്വൈതാനുഭൂതിയുടെ അനുപമവും അപൂർവ്വവുമായ ആനന്ദം ആണ് 'അമനീഭാവം' കൊണ്ട് ഉണ്ടാകുന്നത്.  സഹജീവികളോടും ചരാചരങ്ങളോടുമുള്ള അളവറ്റതും അഹൈതുകവുമായ കരുണയും കൃതജ്ഞതയുമായിട്ടാണ് ഈ പ്രപഞ്ചത്തിൽ അമനീഭാവം പ്രകടമാവുക. അമനീഭാവം കൊണ്ട് ആത്‌മസാക്ഷാത്‍കാരം ഉണ്ടായിട്ടുള്ളവർ പ്രപഞ്ചത്തിൽ പെരുമാറുക കാരുണ്യമൂർത്തികളായിട്ടാവാനാണ് സാധ്യത. 

വിവേകചൂഡാമണിയിൽ ആചാര്യസ്വാമികൾ പറയും അങ്ങനെയുള്ളവർ വസന്തർത്തുവിനെ പ്പോലെ ലോകത്തിനു ഹിതം ചെയ്യുന്നവരായിരിക്കും. ഭവാർണ്ണവത്തെ വിവേകദർശനം കൊണ്ട് സ്വയം മറികടക്കുക മാത്രമല്ല അത് മറികടക്കാൻ മറ്റുള്ളവരെ കൂടി അഹൈതുനാ പരിശ്രമിക്കുന്നവരായിരിക്കും. 

Comments