മാനസോല്ലാസം !

 यथा प्राणिकृतैरर्कः

कर्मभिर्नैव बध्यते

तथा मनःकृतैरात्मा

साक्षित्वान्नैव बध्यते

--മാനസോല്ലാസം 8-20,21

എങ്ങനെയാണോ സൂര്യൻ, ജീവന്മാർ ചെയ്ത കർമ്മങ്ങളെക്കൊണ്ട് ഒരു തരത്തിലും ബാധിക്കപ്പെടാതിരിക്കുന്നത് അതുപോലെ മനസ്സുകൊണ്ട് ചെയ്ത പ്രവൃത്തികളാൽ  സാക്ഷിയായിട്ടുള്ള ആത്മാവും ബന്ധിക്കപ്പെടുന്നില്ല, ബാധിക്കപ്പെടുന്നില്ല. 

ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. 'ആത്മ' എന്ന പദം പ്രയോഗിക്കുന്നയിടത്തൊക്കെ ആത്മാവിന്റെ സ്വതേയുള്ള ഒരു അനശ്വരതയും അബാധ്യത്വവും  നിറഞ്ഞുനിൽക്കുന്നുണ്ട്. ആത്മബന്ധം, ആത്മാനുഭൂതി, ആത്മാർത്ഥത, ആത്മമിത്രം എന്നൊക്കെ പറയാറുണ്ടല്ലോ.. എന്തൊക്കെത്തരത്തിലാണെങ്കിലും  അവിടെയൊക്കെയുള്ള ബന്ധങ്ങൾ/കല്പനകൾ 'ബന്ധനങ്ങൾ' ആവുന്നില്ല.  മനസ്സുകൊണ്ട് ഉയർച്ചതാഴ്ചകൾ അനുഭവപ്പെട്ടാലും, മനസ്സുകൊണ്ടുള്ള വിക്രിയകൾ എങ്ങനെയൊക്കെ പ്രവർത്തിച്ചുവെന്നാകിലും ലോകവ്യവഹാരത്തിലും, ജീവപര്യന്തം ആത്മബന്ധങ്ങൾ അബാദ്ധ്യങ്ങളായിരിക്കും. അവിടെ പാരസ്പര്യത്തിന്റെ അലൗകികവും  അനുപമവുമായ ആനന്ദപൂർണിമ മാത്രമേ ഉണ്ടാകൂ. 

"പ്രാണികുലത്തിൽ പരമാത്മഗുണം പരസ്പരപ്രേമം"

ഉള്ളൂർ പറയുന്ന പോലെ ഒരിക്കലും ബാധിക്കപ്പെടാത്ത പരസ്പരപ്രേമം ആണ് ഈ കല്പനാലോകത്തെ "ആത്മഗുണം". 


Comments