Happiness!
ഈയിടെ പത്രത്തിൽ കണ്ട ഒരു കാര്യമാണ് ഇങ്ങനെ ചിന്തിപ്പിക്കുന്നത്. നമ്മൾ ഭാരതീയർ, ലോക സന്തുഷ്ടി പട്ടികയിൽ 126)മതാണത്രേ!!
തികഞ്ഞ ഒരു വൈരുദ്ധ്യം ഇതിൽ കണ്ട് അമ്പരന്ന് പോവുകയാണ്. പട്ടിക നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെങ്കിലും, വാസ്തവത്തിൽ, ആത്യന്തികമായ സുഖവും തുഷ്ടിയും ലഭിക്കാനുള്ള ആധ്യാത്മികപാഠമാണ് നമ്മുടെ ഭാരതദർശനങ്ങളൊക്കെ തന്നെയും ഭാരതീയരെ പഠിപ്പിക്കുന്നത്. ഇത് മനസ്സിലാക്കാൻ വിദേശങ്ങളിൽ നിന്നു പോലും ആളുകൾ ഇവിടേക്ക്, പ്രവഹിക്കുന്നുണ്ട്. ഈ ഒരു പാഠം തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും ഒക്കെ നമ്മുടെ പ്രാർത്ഥനകളിലും പ്രഘോഷണങ്ങളിലും നിറയുന്നത് ; നിറയേണ്ടത്. എന്നിട്ടും എന്തേ? ആ തുഷ്ടിയും സുഖവുമൊന്നും നമ്മുടെ ഉള്ളിൽ നിറയാത്തത്?എന്തേ ലോകസന്തുഷ്ടി പട്ടികയിൽ നമ്മൾ ഇന്ത്യാക്കാർ ഇത്രയും പിന്നിലായത്? ഓരോരുത്തരും അവനവനോട് തന്നെ ചോദിക്കേണ്ട ചോദ്യം. ജീവിതം എങ്ങനെയാണ് 'ജീവിതം' ആക്കേണ്ടത്‍ എന്നറിയാൻ, എങ്ങനെയായാലാണ് അതിൽ സന്തുഷ്ടിയും സുഖവും നിറയുക എന്നറിയാൻ വ്യാസഭഗവാൻ പണ്ടേ നമുക്ക് ഒരു user manual ഉപദേശിച്ചു തന്നിട്ടുണ്ട്. 'ഭഗവദ്ഗീത'. പട്ടിട്ടു മൂടി പൂജിച്ചു വെക്കാനുള്ളതല്ല ആ പുസ്തകം!! എപ്പോഴും വഴികാട്ടിയായി മനുഷ്യൻ കൈയിൽ കരുതേണ്ട കൈപ്പുസ്തകമാണത്. സന്തുഷ്ടിയുടെയും സുഖത്തിന്റെയും കാര്യമാണല്ലോ പറഞ്ഞുവന്നത്.
എന്താണ് സന്തോഷം? അത് തികച്ചും വ്യക്തിപരമായിരിക്കും. എങ്ങനെയായാലാണ് മനുഷ്യൻ ഏറ്റവും സുഖമായിരിക്കുക? ഭഗവദ്ഗീത 5ആം അദ്ധ്യായത്തിൽ കൃത്യമായി പറഞ്ഞുതരുന്നു.
(ഭഗവദ്ഗീത മുന്നോട്ട് വയ്ക്കുന്ന മോക്ഷസങ്കല്പം)!
"*ആർക്കാണോ ഈ ശരീരം വിടുന്നതിനുമുന്പേ തന്നെ (അതായത് ജീവിച്ചിരിക്കുമ്പോൾ തന്നെ)
കാമക്രോധങ്ങളെ കൊണ്ടുണ്ടാകുന്ന ഉദ്വേഗങ്ങളെ സഹിക്കാൻ കഴിയുന്നത് അവനാണ് ഏറ്റവും യുക്തനും സുഖിമാനുമായിട്ടുള്ള മനുഷ്യൻ*". 5-23
സുഖത്തിന്റെ നിർവ്വചനം എത്ര കൃത്യമായി പറഞ്ഞുതന്നിരിക്കുന്നു. ഈ ഒരു അഭ്യാസം, പതിയെ പതിയെ ആത്യന്തികമായ സുഖം കൊണ്ടുത്തരും. ഇനിയുമുണ്ട് നിർവ്വചനങ്ങൾ ധാരാളം. Self control makes onself feel contented and happy.
കാമം = തൃഷ്ണ /അത്യാഗ്രഹം
ക്രോധം = അവനവനു പ്രതികൂലമായതോ ദുഃഖകരമായതോ ആയ വിഷയങ്ങളോടുള്ള ദ്വേഷ്യം.
शक्नोतीहैव यस्सोढुं प्राक्शरीरविमोक्षणात्
कामक्रोधोद्भवं वेगं स युक्तः स सुखी नरः 5-23
Comments
Post a Comment